ജിദ്ദ: സൗദി അറേബ്യയുടെ രണ്ടാമത്തെ വനിതാ അംബാസിഡറെ നോര്‍വ്വെയില്‍ നിയമിച്ച് സൗദി അറേബ്യ. അമല്‍ യഹ്യ അല്‍ മൊല്ലിമിയെയാണ് ചൊവ്വാഴ്ച്ച നോര്‍വേയിലെ അംബാസഡറായി നിയമിച്ചത്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത നിരവധി പുതിയ അംബാസഡര്‍മാരില്‍ ഒരാളാണ് അമല്‍ യഹ്യ അല്‍ മൊല്ലിമി. മാലിദ്വീപ്, ഹംഗറി, നൈജീരിയ, ബോസ്‌നിയ, ഹെര്‍സഗോവിന, ഉഗാണ്ട, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ അംബാസഡര്‍ സല്‍മാന്‍ രാജാവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
നേരത്തെ, സൗദിയുടെ ആദ്യ വനിതാ അംബാസഡറെ അമേരിക്കയില്‍ നിയമിച്ചിരുന്നു. റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദിനെയാണ് ആദ്യ വനിതാ അംബാസഡറായി നിയോഗിച്ചത്.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരനെ മാറ്റിയാണ് റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദിന് നിയമനം നല്‍കിയത്. സൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ റീമ പഠിച്ചതും വളര്‍ന്നതും അമേരിക്കയിലായിരുന്നു. പിതാവ് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സഊദ് 1983 മുതല്‍ 2005 വരെ അമേരിക്കയിലെ സൗദി അംബാസഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദ് 2016 മുതല്‍ സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോരിറ്റിയില്‍ വിമണ്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് സൗദി ഫെഡറേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് പ്രസിഡന്റായി. 2018 ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയില്‍ നിയമിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രത്തിനും നേതാക്കള്‍ക്കും രാഷ്ട്രത്തിന്റെ മക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദ് ട്വിറ്ററില്‍ കുറിച്ചു.