X
    Categories: CultureMoreViews

മദ്രാസ് ഐ.ഐ.ടിയിലെ ബീഫ് അതിക്രമം: കുപ്രചരണങ്ങള്‍ക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് സൂരജിന്റെ മറുപടി

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്‍കുന്നു. താന്‍ മര്‍ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ് ‘ജസ്റ്റിസ് ഫോര്‍ സൂരജ്’ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.

ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടി നല്‍കിയതിനാണ് തനിക്കെതിരെ ബിഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും ക്രൂരമായ ആക്രമണം നടത്തിയതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സൂരജ് പറയുന്നു. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഐ.ഐ.ടി അധികൃതര്‍ തന്നെ തിരിഞ്ഞു നോക്കിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍ക്കും എപ്പോഴും സംഭവിക്കാമെന്നും സൂരജ് പറയുന്നു.

സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ:

മെസ്സില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. എനിക്കയാളെ മുമ്പ് പരിചയമില്ല. ബീഫ് തിന്നുമോ എന്നു ചോദിച്ചു. കഴിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ മനീഷ് പിറകില്‍ നിന്ന് തലയ്ക്ക് അടിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നീട്ടിവളര്‍ത്തിയ മുടിയില്‍ ചുറ്റിപ്പിടിക്കുകയും കുനിച്ചു നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. ആ അടിയിലാണ് കണ്ണിന്റെ അടുത്തും മൂക്കിന്റെ അടുത്തുമെല്ലാം പരിക്കേറ്റത്. കവിളെല്ലിന് പൊട്ടലുണ്ട്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബീഫ് കഴിച്ചതിനാല്‍ നിന്നെ കൊല്ലും എന്നു പറഞ്ഞായിരുന്നു മനീഷിന്റെ മര്‍ദനം. എന്റെ ഒരു സുഹൃത്ത് മനീഷില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ പിടിച്ചുമാറ്റി. നേരത്തെ പദ്ധതിയിട്ടതു പ്രകാരമുള്ള ആക്രമണമാണ് നടന്നത് എന്നാണ് തോന്നിയത്.

കോളേജിലെ സുഹൃത്തക്കള്‍ വഴിയാണ് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയത്. തുടക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല. മുകളില്‍ നിന്ന് സമ്മര്‍ദം ഉള്ളതുപോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ഐ.ഐ.ടിയിലെ ഡോക്ടര്‍മാര്‍ മാത്രം വന്ന് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല.

കൊടുത്ത പരാതികളില്‍ നടപടി ഉണ്ടായിട്ടില്ല. എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. സമൂഹത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചു. പിന്തുണ ഇനിയുമുണ്ടാകണം.

ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റുമോ എന്നറിയില്ല. ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ മാംസം കുക്ക് ചെയ്ത് ഭക്ഷിച്ചാല്‍ പോലും പുറത്തുനിന്ന് ആളുകള്‍ വരികയും അടിച്ചുതകര്‍ക്കുകയും ചെയ്‌തേക്കാം. ചെന്നൈ പോലെ ഒരു നഗരത്തിലെ അക്കാദമികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് നടക്കാമെങ്കില്‍ എവിടെയും സംഭവിക്കാം…’

ചന്ദ്രിക വെബ് ഡെസ്‌ക്‌: