കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ യൂടൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നു രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി സിറ്റി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇയാള്‍ ഹാജരായത്. തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും സൂരജ് പാലാക്കാരന്‍ പറഞ്ഞു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.