X

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ഗവേഷകന് മര്‍ദ്ദനം

ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. ഐഐടി കാമ്പസില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന് പിറ്റേന്നാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സൂരജ് എന്ന ഗവേഷണ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചവശനാക്കിയത്. അക്രമി സംഘം ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തവരെ കൊല്ലുമെന്ന് മുമ്പ് ഭീഷണി മുഴക്കിയിരുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച ഇക്കൂട്ടര്‍ ബീഫ് ഫെസ്റ്റിവലിനെതിരെ പരാതി നല്‍കിയിരുന്നു.

കശാപ്പിനായുള്ള കന്നുകാലി വില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നിലപാടിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു തിങ്കളാഴ്ച ഐഐടി കാമ്പസിനുള്ളില്‍ 50ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെട്ടത്.

കേന്ദ്രത്തിന്റെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തു കൊണ്ട് മദ്രാസ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിവാദ ഉത്തരവില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധങ്ങളാണ് ഇന്ത്യയൊട്ടാകെ നടക്കുന്നത്.

ഇതിനിടെ, വിവാദ ഉത്തരവില്‍ നിന്ന് പോത്ത്, എരുമ എന്നിവയെ ഒഴിവാക്കി ഭേദഗതി വരുത്താന്‍ പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

chandrika: