ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്‍കി.
ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി താനുമായി കൂടിക്കാഴ്ച നടത്തിയതായും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനു സമാനമാവും ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുക.
ഡിജിറ്റല്‍ ഹരിയാന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത് കള്ളപ്പണം തടയാന്‍ വേണ്ടിയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഫലപ്രദവും ശക്തവുമായ നിയമസംവിധാനമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.