X

സോനു നിഗം ട്വിറ്റര്‍ വിട്ടു; തീരുമാനം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ അഭിജിത്തിനെ പിന്തുണക്കാന്‍

സ്ത്രീകള്‍ക്കെതിരെ മോശം ട്വീറ്റുകള്‍ ചെയ്തതിന് ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ഗായകന് പിന്തുണയുമായി സോനു നിഗം രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കിയാണ് സോനു നിഗം സഹപ്രവര്‍ത്തകനോടുള്ള പിന്തുണ പ്രകടിപ്പിച്ചിരിക്കുന്നത്.

ജെ.എന്‍.യു വിദ്യാര്‍ഥിനിയും ആക്ടിവിസ്റ്റുമായ ഷഹല റാഷിദ് അടക്കമുള്ള സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി മോശം ട്വീറ്റുകള്‍ നടത്തിയതിനാണ് അഭിജിത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ പൂട്ടിയത്. പിന്തുണയുമായെത്തിയ സോനു നിഗം അഭിപ്രായ സ്വാതന്ത്യമില്ലാത്തതിനാലാണ് ട്വിറ്റര്‍ വിടുന്നതെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ: ബിജെപി നേതാക്കള്‍ നടത്തുന്ന സെക്‌സ് റാക്കറ്റിനെപ്പറ്റിയായിരുന്നു ഷഹല റാഷിദിന്റെ ട്വീറ്റ്. ഇതിനെതിരെ ട്വിറ്ററില്‍ അഭിജിത്ത് ആഞ്ഞടിച്ചു. ”രണ്ട് മണിക്കൂറിന് അഡ്വാന്‍സായി അവര്‍ പണം വാങ്ങിയിരുന്നുവെന്നും കക്ഷിയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അഭ്യൂഹമുണ്ട്” എന്നായിരുന്നു അഭിജിത്തിന്റെ റിട്വീറ്റ്.

അഭിജിത്തിന്റെ മറുപടിയില്‍ അമര്‍ഷം രേഖപ്പെടുത്തിയ മറ്റൊരു വനിതയോടും അഭിജിത്ത് ലൈംഗിക ചുവയുളള ഭാഷയില്‍ പ്രതികരിച്ചു. ഇതേത്തുടര്‍ന്ന് ട്വിറ്റര്‍ ഉപയോക്താക്കളുടെ പരാതി ഉയര്‍ന്നതോടെ അഭിജിത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി അധികൃതര്‍ രംഗത്തെത്തി. അഭിജിത്തിനെതിരെ നടപടിയെടുത്ത ട്വിറ്ററിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സോനു നിഗം ട്വിറ്റര്‍ ഉപേക്ഷിക്കുന്നതായി പരസ്യ പ്രഖ്യാപനം നടത്തിയത്.

chandrika: