മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം വിവാദത്തില്‍. മുസ്ലിമല്ലാതിരുന്നിട്ടും തനിക്ക് പുലര്‍ച്ചെ ബാങ്കുവിളി കേട്ട് എഴുനേല്‍ക്കേണ്ടി വരുന്നു എന്നും നിര്‍ബന്ധിത മതാരാധന ഇന്ത്യയില്‍ എന്നാണ് അവസാനിക്കുകയെന്നും ചോദിക്കുന്നതാണ് ട്വീറ്റ്.
ബാങ്കുവിളിക്കെതിരായി ഒന്നിനു പുറകെ ഒന്നായി ട്വീറ്റുകളാണ് അദ്ദേഹം നിരത്തുന്നത്. ‘എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’ എന്നായിരുന്നു ആദ്യ ട്വീറ്റ്. രണ്ടാമത്തെ ട്വീറ്റ് ബാങ്കുവിളിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു. ‘പ്രവാചകന്‍ മുഹമ്മദിന്റെ കാലത്ത് വൈദ്യുതി ഇല്ലായിരുന്നു എന്നും എഡിസണിനു ശേഷം താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കണമെന്നും സോനു ചോദിക്കുന്നു. മത വിശ്വാസികളല്ലാത്തവരെ ഉണര്‍ത്താന്‍ ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും തുടര്‍ന്ന് ഇയാള്‍ ട്വീറ്റ് ചെയ്തു. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയ സോനുവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സോനു നിഗമിന്റെ പാട്ടു കേട്ട് താന്‍ ഉണരാറുണ്ടെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് പ്രശ്നമാവുമോ എന്നും സോനു പാടിയ ഭജനകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പോലും ബുദ്ധിമുട്ടുണ്ടെന്നും ചില ട്വീറ്റുകള്‍ പരാമര്‍ശിക്കുന്നു. ജാഥകളിലും റാലികളിലും സോനു നിഗം പാടിയിട്ടുണ്ടെന്നും ചിലര്‍ മറുപടി ട്വീറ്റായി പരിഹസിക്കുന്നു.
മറ്റു മതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാന്‍ സോനു നിഗം തയാറാകണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.