X

പള്ളിയില്‍ പോയി മടങ്ങി വരുമ്പോഴേക്കും മകന്‍ വീട് വിറ്റു വിധവയായ മാതാവ് പെരുവഴിയില്‍

 

ആലക്കോട്: മാതാവിനെ ഇറക്കി വിട്ട് മകന്‍ വീട് വിറ്റതായി പരാതി. നടുവില്‍ പഞ്ചായത്തിലെ മണ്ടളത്താണ് മനുഷ്യത്വ രഹിതമായ നടപടി.
ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസഫ് മരിച്ചതോടെ വീട്ടില്‍ തനിച്ചായ മടവനാല്‍ ത്രേസ്യാമ്മക്കാണ് ഈ ദുരനുഭവം. ഒരു പെണ്ണ് ഉള്‍പ്പെടെ നാലുമക്കളാണ് ഇവര്‍ക്കുളളത്. ഇളയ മകന്‍ നാലു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്നാമത്തെ മകന്‍ ജോഷിയാണ് ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തത്. ആകെയുണ്ടായിരുന്ന 23 സെന്റ് സ്ഥലവും ഇരുനില വീടും മകന് ഇഷ്ടദാനമായി നല്‍കാനും ഇവര്‍ തയ്യാറായി. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ അമ്മയറിയാതെ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇടപെട്ട് പതിനേഴര ലക്ഷം രൂപ ത്രേസ്യാമ്മക്ക് നല്‍കാന്‍ ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ പണം നല്‍കാതെ മകന്‍ ഒഴിഞ്ഞു മാറിയതോടെ ഇവര്‍ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി തിരിച്ചു വന്ന ത്രേസ്യാമ്മയെ സ്വന്തം വീട്ടില്‍വരവേറ്റത് അപരിചിതരായ ആളുകളാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന കട്ടിലും വസ്ത്രങ്ങളും ഉള്‍പ്പെടെ വീടിനു വെളിയില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്മല പൊലീസ് സ്ഥലത്തെത്തി മകനുമായി ഫോണില്‍ സംസാരിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഇന്ന് ഇരുവരുവരുമായും സംസാരിക്കുമെന്ന് പൊലീസ് അറിയിച്ചു. വൃദ്ധയായ മാതാവിനെ തെരുവില്‍ വലിച്ചെറിഞ്ഞ മകനെതിരെ നടപടിയാവശ്യപ്പെട്ടു സീനിയര്‍ സിറ്റിസണ്‍ ഫോറവും രംഗത്തെത്തി. ഇഷ്ടദാനം നല്‍കിയ സ്ഥലം അമ്മയറിയാതെ മറ്റൊരാള്‍ക്ക് വിറ്റ മകന്റെ നടപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

chandrika: