ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിപക്ഷ എം.പിമാരുടെ ഐക്യനിര പടുത്തുയര്‍ത്താനുള്ള നീക്കങ്ങളുമായി സോണിയാ ഗാന്ധി രംഗത്ത്. പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടുപോയി നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള നീക്കങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോഴാണ് ഇതിനെ തടയിടാനുള്ള ശ്രമവുമായി സോണിയാ ഗാന്ധി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തെ അവഗണിച്ച് ഏകപക്ഷീയമായി മുന്നോട്ട് പോവാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ഗുലാം നബി ആസാദും പി.ചിദംബരവും രോഷാകുലരായാണ് രാജ്യസഭാ ഉപാധ്യക്ഷനോട് പ്രതികരിച്ചത്. പ്രതിപക്ഷം പ്രതിഷേധിക്കുന്നത് വകവെക്കാതെ മന്ത്രിയെ സംസാരിക്കാന്‍ ക്ഷണിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ഭരണപക്ഷത്തെ മാത്രം പരിഗണിച്ച് സഭ നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തുറന്നു പറയണമെന്നും തങ്ങള്‍ ഇറങ്ങിത്തരാമെന്നും ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞിരുന്നു.