X
    Categories: indiaNews

ബിജെപിയില്‍ ചേര്‍ന്നയാളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആക്കിയ സംഭവം; സോണിയക്ക് കടുത്ത അതൃപ്തി, നടപടിയുണ്ടായേക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭാരവാഹി ആയി ബിജെപിയില്‍ ചേര്‍ന്ന ആളെ നിയമിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നടപടിയില്‍ സംഘടനയുടെ സംസ്ഥാന ഘടകത്തോട് അന്വേഷണത്തിന് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷിത് സിംഗായിയെയാണ് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

അഭിനന്ദന പ്രവാഹവുമായി ഫോണിലേക്ക് നിരന്തരം വിളി വന്നതോടെയാണ് താന്‍ ഇതേ കുറിച്ച് അറിയുന്നതെന്ന് ഹര്‍ഷിത് സിംഗായി പറഞ്ഞു. പിന്നീട് വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരും വന്നു. ഇപ്പോഴും ബിജെപിയില്‍ തന്നെയാണെന്നും തന്നെ അപമാനിക്കാനും വിശ്വസ്തത ഇടിച്ചു താഴ്ത്താനും കോണ്‍ഗ്രസ് നടത്തിയ ബോധപൂര്‍വമായ ഗൂഢാലോചന ആണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ കേസ് കൊടുക്കാനും തീരുമാനമുണ്ട്. ഇതോടെ കോണ്‍ഗ്രസ് അടിയന്തരമായി നിയമനം റദ്ദാക്കുകയായിരുന്നു.

ഇത്രയുമായപ്പോഴേക്കും വാര്‍ത്ത ദേശീയ ശ്രദ്ധ നേടി. ഇതോടെ അന്വേഷണത്തിന് നിര്‍ദേശിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ തന്നെ രംഗത്തു വരികയായിരുന്നു. താന്‍ അറിഞ്ഞ് നല്‍കിയ പട്ടികയില്‍ ഹര്‍ഷിത് സിംഗായിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും വീഴ്ച സംഘടനാ ഘടകത്തിന്റെ താണെന്നും കമല്‍ നാഥ് നിലപാട് സ്വീകരിച്ചു. ഇതോടെയാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്.

സംഭവത്തില്‍ സോണിയ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്നും കര്‍ശന നടപടി ഉണ്ടാകും എന്നും പാര്‍ട്ടി ദേശീയ വക്താക്കള്‍ വ്യക്തമാക്കി.

web desk 1: