ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നമ്മുടെ സ്വാതന്ത്ര്യം ആക്രമണങ്ങള്‍ക്ക് നടുവിലാണെന്നും ഇന്ന് നാം പിറകോട്ടാണ് നടക്കുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഭയപ്പെടുത്തി അധീശത്വം സ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ മതപരമായി തരംതിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. പേരെടുത്തുപറയാതെയാണ് സോണിയാഗാന്ധിയുടെ വിമര്‍ശനം. പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങളെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും പാര്‍ലമെന്റ് നടപടികളെ ഈ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി.
മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. എഴുപത് വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബി.ജെ.പി ആരോപണങ്ങളോടുള്ള പ്രതികരണമായിരുന്നു സോണിയയുടേത്. 2014 മെയ് 16ന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഭരണഘടനയെ മാറ്റിമറിക്കുന്ന നിരവധി കാര്യങ്ങളുണ്ടായി. അതൊന്നും യാദൃശ്ചികതയായി കാണാനാവില്ല. ആസൂത്രിതമായ അജണ്ടകളുടെ ഫലമാണതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.