ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന് ഒടുവില്‍ ഭിന്നിച്ച് പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിയിണക്കാന്‍ സോണിയ ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും സംയുക്ത വാര്‍ത്തസമ്മേളനവും നടത്താനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച യോഗം നടക്കും.
ശീതകാല സമ്മേളനത്തിലുടനീളം നോട്ട് നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രതിപക്ഷം. മോദിയുടെ ജനദ്രോഹ നടപടിനെതിരെ ഒന്നിച്ചുനിന്ന പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് പിരിയുന്നതിനു തലേന്ന് കര്‍ഷക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കാനായി നടന്ന രാഹുല്‍-മോദി കൂടിക്കാഴ്ച പ്രതിപക്ഷ യോജിപ്പില്‍ വിള്ളല്‍വീഴ്്ത്തി. ഭിന്നിത രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനം രാഷ്ട്രപതിയെ കാണാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനവും ആസ്ഥാനത്താവുകയായിരുന്നു.
നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍പോലും ഐക്യമി്‌ല്ലെന്നുവരെ മോദി കുറ്റപ്പെടുത്തി. ഇതോടെയാണ് സോണിയ ഗാന്ധി തന്നെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താന്‍ രംഗത്തിറങ്ങിയത്.
സോണിയ ഗാന്ധി നേരിട്ടാണ് പ്രതിപക്ഷ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. 27ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗവും വാര്‍ത്തസമ്മേളനവും.
എ.ഐ.സി.സി ഓഫിസില്‍ യോഗം നടത്തിയാല്‍ അത് കോണ്‍ഗ്രസ് പരിപാടി മാത്രമായി കരുതാതിരിക്കാന്‍ വേണ്ടിയാണിത്.
ബിജെഡി, എഐഎഡിഎകെ, എഐഎംഐഎം എന്നീ പര്‍ട്ടികളെ ഒഴിച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും സോണിയാ ഗാന്ധി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജെഡിയു, ആര്‍ജെഡി, ജെഡിഎസ്, എന്‍സിപി, തൃണമൂല്‍. ഡിഎംകെ, ബിഎസ്പി, എസ്പി, സിപിഎം, സിപിഐ തുടങ്ങി എല്ലാ പാര്‍ട്ടികളേയും യോഗത്തില്‍ പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.
നോട്ട് പ്രതിസന്ധി അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ 50 ദിവസ സമയപരിധി അടുത്തെത്തിയിട്ടും പരിഹാരം അകലെയായ സാഹചര്യത്തിലാണ് യോഗം. സര്‍ക്കാറിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലൂടെ കോണ്‍ഗ്രസ് മുന്നില്‍കാണുന്നത്.
നോട്ടു പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കിനേല്‍ക്കുന്ന തിരിച്ചടി അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാനും സഹായിക്കും.
അതേസമയം, കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
കൂടിയാലോചന നടത്താതെയാണ് നാളെ യോഗം നിശ്ചയിച്ചതെന്ന് പറഞ്ഞാണ് അദ്ദേഹം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.