ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഇവരുമായി സോണിയ ചര്‍ച്ച നടത്തുമെന്നാണ് വിവരം. കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയത്.
ഇത് ആദ്യമായാണ് നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ചക്ക് സോണിയ തയ്യാറാവുന്നത്. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കുമെന്നാണ് വിവരം.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയതെന്നാണ് സൂചന. ഈ വര്‍ഷം ഓഗസ്റ്റിലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ട് അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെട്ട 23 പേര്‍ ഒപ്പിട്ട കത്ത് സോണിയാ ഗാന്ധിക്ക് അയച്ചത്.