X
    Categories: indiaNews

സോണിയ,ഖാര്‍ഗെ,ഗെലോട്ട്; ഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 താരപ്രചാരകര്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരാണ് പട്ടികയിലെ പ്രധാനികള്‍.

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്‌വിജയ സിങ്, കമല്‍നാഥ് എന്നിവരും പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാറും പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഗുജറാത്ത് പി.സി.സി പ്രസിഡന്റ് ജഗദീഷ് താക്കൂര്‍, പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്‌വ എന്നിവരുള്‍പ്പെടെ സംസ്ഥാനത്തെ 11 ഓളം നേതാക്കളും താരപ്രചാരകരുടെ പട്ടികയിലുണ്ട്. അതേസമയം കഴിഞ്ഞ മാസം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂര്‍ എം.പി താരപ്രചാരകരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ 40 താരപ്രചാരകരുടെ പട്ടിക ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 182 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 1, 5 തീയതികളിലാണ്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍. അതേസമയം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ഖാര്‍ഗെ രംഗത്തെത്തി.

കേന്ദ്രം ഭരിക്കുന്ന ബി. ജെ.പി സര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രിയുടെ നുണകള്‍ രാജ്യത്തെ ജനങ്ങള്‍ പതുക്കെ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ വീക്ഷണങ്ങള്‍ കേള്‍ക്കുന്നതോ അംഗീകരിക്കുന്നതോ മാറ്റിവെക്കുക, നമ്മുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ പോലും അവര്‍ ഇടം നല്‍കുന്നില്ല. അവര്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അതിന്റെ തത്വങ്ങള്‍ പാലിക്കുന്നില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Test User: