X

കര്‍ണാടകയില്‍ ചുവടു പിഴച്ച് ബി.ജെ.പി; സോണിയ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് അടവുപിഴച്ചതോടെ സോണിയാഗാന്ധിക്കെതിരെ ആക്രമണവുമായി മോദി രംഗത്ത്. ഒട്ടേറെ കാലം സോണിയാഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത ബി.ജെ.പി ഇത്തവണ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നു. മാതൃഭാഷയില്‍ 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച മോദി പരോക്ഷത്തില്‍ സോണിയാഗാന്ധിയുടെ പൗരത്വത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട വേളയിലാണ് മോദിയുടെ കുതന്ത്രം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മൈസുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ മോദി പ്രകോപനപരമായ പ്രസംഗം നടത്തിയത്.’കര്‍ണാടകത്തിലെ നിങ്ങളുടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പേപ്പര്‍ നോക്കാതെ 15 മിനുട്ട് സംസാരിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. ഹിന്ദിയിലോ ഇംഗ്ലീഷിലോ താങ്കളുടെ മാതൃഭാഷയിലോ സംസാരിക്കാം’ എന്നായിരുന്നു മോദിയുടെ വെല്ലുവിളി. ഇതിലൂടെ രാഹുല്‍ ഇന്ത്യക്കാരനല്ലെന്ന ദുസ്സൂചനയും മോദി നല്‍കുന്നുണ്ട്.

നേരത്തെ, സോണിയാഗാന്ധിക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെല്ലാം ഇത്തരത്തിലുള്ള കുത്തുവാക്കുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും സോണിയാഗാന്ധിക്കെതിരെ ഇറ്റലിക്കാരിയാണെന്ന രീതിയിലും മറ്റുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 2014-ലെ തെരഞ്ഞെടുപ്പ് സമയത്ത് സുഷമാസ്വരാജും സോണിയാഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. സോണിയാഗാന്ധി സ്‌നേഹത്തിനും ബഹുമാനത്തിനും അര്‍ഹതപ്പെട്ടവരാണെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരെ അംദഗകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് പറഞ്ഞത്. നമ്മുടെ ദേശത്തുനിന്നല്ലാത്തവര്‍ നമുക്ക് ബഹുമാനത്തെക്കുറിച്ച് പാഠങ്ങള്‍ നല്‍കരുതെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞത്. നിരന്തരം സോണിയാഗാന്ധിക്കെതിരെ മാതൃരാജ്യ പരാമര്‍ശം നടത്തുന്ന ബി.ജെ.പി ഇത്തവണ രാഹുലിനെതിെരയാണ് തിരിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാണ്.

അതിനിടെ, പ്രധാനമന്ത്രിയുടെ വെല്ലുവിളിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി എന്ന പേരില്‍ ഒരു വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോദിക്ക് രാഷ്ട്ര പിതാവിന്റെ പേര് തെറ്റാതെ 15 തവണ പറയാന്‍ കഴിഞ്ഞാല്‍ താന്‍ വെല്ലുവിളി സ്വീകരിക്കാം എന്ന് രാഹുല്‍ പറഞ്ഞതായുള്ളതാണ് ഈ പ്രചരണം. മുമ്പ് രാഷ്ട്ര പിതാവിന്റെ പൂര്‍ണനാമം ‘മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി’ എന്ന് മോദി പ്രസംഗിച്ചത് വിവാദമായിരുന്നു.

chandrika: