X

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസിന്റെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ കുറച്ചു മാസങ്ങള്‍ കൂടി തുടരാനാണ് തീരുമാനം. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി.

പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തന്നെ വേണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ എഐസിസി പ്രത്യേക യോഗം വിളിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കേരളം ഉൾപ്പെടെയുള്ള പിസിസികൾ എന്നിവ വീണ്ടും സോണിയയിൽ വിശ്വാസമർപ്പിക്കുകയും പാർട്ടി നേതൃത്വത്തിൽ തുടരാൻ അവരോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസിനെ നയിക്കാന്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ട് ഏറെക്കാലമായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണം എന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുളള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധി ഈ ഘട്ടം വരെയും തയ്യാറായിട്ടില്ല.

chandrika: