ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത്തില്‍ സോണിയ കുറ്റപ്പെടുത്തി.
ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യത്തെ പലഭാഗങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. ഉയരുന്ന ഡീസല്‍ വില കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അസംസ്‌കൃത എണ്ണവില കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് പകുതിയോളമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രം പെട്രോളിനും ഡീസലിനും അമിത എക്‌സൈസ് തീരുവ ഈടാക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇത്തരം വിവേകശൂന്യമായ നടപടികളെ സര്‍ക്കാരിന് എങ്ങനെ ന്യായീകരിക്കാനാവുന്നുവെന്ന് തനിക്ക് മനസ്സിലാക്കാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. എക്‌സസൈസ് തീരുവ ഭാഗികമായി പിന്‍വലിച്ചുകൊണ്ട് ഇന്ധനവില കുറയ്ക്കണമെന്നും സോണിയാ ഗാന്ധി കത്തില്‍ പറയുന്നു.