ന്യൂഡല്‍ഹി: ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആസ്പത്രിയിലുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദിനെ കാണാന്‍ മക്കളെപ്പോലും അനുവദിക്കാത്തതില്‍ ശക്തിയായ പ്രതിഷേധമുയര്‍ന്നു. ഇന്നലെ രാവിലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കവെ കുഴഞ്ഞുവീണ് ഗുരുതര നിലയിലാണ് അഹമ്മദിനെ ആസ്പത്രിയിലാക്കിയത്. ക്രൂരവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റമാണ് ആസ്പത്രി അധികൃതര്‍ നടത്തിയതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രോഗ വിവരമറിഞ്ഞ് രാത്രി വിദേശത്തുനിന്നെത്തിയ മക്കളായ റഈസ് അഹമ്മദ്, നസീര്‍, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷര്‍ഷാദ് എന്നിവരെ ഐ.സി.യു.വില്‍ കയറി കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന എം.പി.മാരോടും ഇതേ സമീപനമാണ് ആസ്പത്രി അധികൃതര്‍ സ്വീകരിച്ചത്.
രാത്രി സോണിയാഗാന്ധി ആസ്പത്രിയിലെത്തി അധികൃതരുടെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഒരു മുതിര്‍ന്ന പൗരന് കിട്ടേണ്ട നീതിയാണ് ആസ്പത്രിയില്‍ നിഷേധിക്കപ്പെട്ടതെന്ന് അഹമ്മദിന്റെ പുത്രന്‍ റഈസ് അഹമ്മദ്, ജാമാതാവ് ഡോ. ബാബു ഷര്‍ഷാദ് എന്നിവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെ രോഗിയുടെ ശരീരത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുവദിനീയമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആസ്പത്രി അധികൃതരും ഗവണ്‍മെന്റും ചേര്‍ന്ന് പലതും മറച്ചുവെക്കുകയാണെന്നും ആരോപണമുയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആസ്പത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, എം.കെ. രാഘവന്‍ എന്നിവരും അധികൃതരുടെ സമീപനത്തെ ശക്തമായി വിമര്‍ശിച്ചു. അഹമ്മദ് സാഹിബിന്റെ രോഗ നിലയെക്കുറിച്ച് വിവരം നല്‍കാത്തത് ബോധപൂര്‍വമാണെന്നും ആരോപണമുയര്‍ന്നു.