ന്യൂഡല്‍ഹി: സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തക സമിതി ഏകകണ്ഠമായാണ് സോണിയാ ഗാന്ധിയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. ഗുലാം നബി ആസാദാണ് സോണിയാ ഗാന്ധിയെ പുതിയ പ്രസിഡണ്ടായ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി പ്രസിഡണ്ടായി തുടരണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും രാഹുല്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് പ്രസിഡണ്ടായിരുന്ന രാഹുല്‍ ഗാന്ധി പദവി രാജിവെച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായി വരണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. എന്നാല്‍ അത് സാധ്യമാവാത്ത സാഹചര്യത്തിലാണ് സോണിയാ ഗാന്ധി വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സോണിയാ ഗാന്ധി പ്രസിഡണ്ടായി വരുന്നത് പ്രതിപക്ഷ നിരക്ക് ഒന്നാകെ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡണ്ട് പദത്തിലിരുന്ന നേതാവാണ് സോണിയാ ഗാന്ധി. 1998ല്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോണിയ കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച സോണിയ 2017ലാണ് പ്രസിഡണ്ട് പദമൊഴിഞ്ഞത്.