ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റു സോഷ്യല്‍ മീഡിയകളുടെയും ആസൂത്രിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോക്‌സഭയിലെ ശൂന്യവേളയിലാണ് സോണിയയുടെ പ്രതികരണം.
ചില രാഷ്ട്രീയ നേതാക്കള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ഉപയോഗിക്കുകയാണെന്ന് സോണിയ പറഞ്ഞു.
അല്‍ ജസീറയിലും ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ട് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് ബി.ജെ.പിക്ക് ഇളവ് ചെയ്തിട്ടുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് വിദ്വേഷപ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നയമില്ല. ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയാനായി നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.ഇത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കും.ആരു ഭരിച്ചാലും ജനാധിപത്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കേണ്ടതുണ്ടെന്നും കൂട്ടിചേര്‍ത്തു.