X

ഇരുളിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരറുക്കുന്നു: സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

‘വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍’ മതനിരപേക്ഷതക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു പറക്കുന്നു. സങ്കുചിത മനഃസ്ഥിതിയുള്ളവരുടെയും വര്‍ഗീയ ആശയങ്ങളുള്ളവരുടെയും തടവറയില്‍ ഇന്ത്യയെ കെട്ടിയിടാന്‍ നമ്മള്‍ അനുവദിക്കില്ല. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിര്‍ത്ത സംഘടനകള്‍ക്കു സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടമില്ല- സോണിയ വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനു നല്‍കിയ നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ചത്. സ്വാതന്ത്ര്യസമര കാലത്തെ പോരാട്ടങ്ങള്‍ക്ക് സമാനമായ രീതിയില്‍ ആവര്‍ത്തിക്കപ്പെടേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും സോണിയ കുറ്റപ്പെടുത്തി. രാജ്യത്തു ഇന്ന് നിലനില്‍ക്കുന്നത് വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയമാണ്. ജനാധിപത്യരീതിയിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവും ഇവിടെ അപകടത്തിലാണ്. സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും സോണിയ ആഹ്വാനം ചെയ്തു.
ക്വിറ്റ് ഇന്ത്യാ സമരത്തെ ശക്തമായി എതിര്‍ത്ത ചില സംഘടനകളുണ്ടായിരുന്നുവെന്ന് നാം മറക്കരുത്. അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ല. ആ കറുത്ത ശക്തികള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്ന കാലമാണിതെന്നും സോണിയ പറഞ്ഞു. പ്രസംഗത്തിലുടനീളം ബിജെപിയെയും ആര്‍എസ്എസിനെയും സോണിയ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. സ്വാതന്ത്ര സമരത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണ ചരിതങ്ങള്‍ സോണിയ അടിവരയിട്ടു സഭയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

chandrika: