ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സോണിയയെ വയറുവേദനയെ തുടര്‍ന്ന് അവിടത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.
വയറിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 70-കാരിയായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ഇപ്പോള്‍ സ്ഥിതി ഭേദമാണെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. വൈകീട്ട് ഏഴു മണിയോടെയാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിന് സമീപമുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചത്.
സമീപ വര്‍ഷങ്ങളില്‍ അസുഖ ബാധിതയായ സോണിയ ഗാന്ധി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. അസുഖത്തെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ പ്രചരണം നടത്തുന്നതിനിടെ സോണിയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി നേരിട്ടതിനു ശേഷം സോണിയ ഗാന്ധി പൊതുപ്രവര്‍ത്തനത്തില്‍ മുമ്പത്തെയത്ര സജീവമല്ല. കോണ്‍ഗ്രസ് പ്രസിഡണ്ടായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞയാഴ്ച അവര്‍ വ്യക്തമാക്കിയിരുന്നു.