തിരുവനന്തപുരം: വ്യത്യസ്തത കൊണ്ട് മിമിക്രിയെന്ന കലാരൂപത്തെ ജനകീയനാക്കിയ നടനാണ് അബി. അദ്ദേഹം മരിച്ചത് ചികിത്സാപിഴവാണെന്ന ആരോപണം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അബിയുടെ മകനും നടനുമായ ഷെയിന്‍ നിഗം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഷെയിനിന്റെ പ്രതികരണം.
‘ വിവാദങ്ങളിലേക്ക് ഞാനും കുടുംബവുമില്ല. വൈദ്യന്റെ അടുത്ത് ചികിത്സ തേടിയതു കൊണ്ടാണ് വാപ്പച്ചിയുടെ മരണമുണ്ടായത് എന്നൊക്കെ പലരും പറയുന്നത് കേട്ടു. എന്നാല്‍ ചികിത്സ തേടിയത് കുറച്ചു മുമ്പായിരുന്നു. അന്ന് ഞാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചികിത്സാ പിഴവുണ്ടായോ എന്നൊന്നും എനിക്കറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. വാപ്പച്ചിയുടെ മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പലരും എഴുതിയത് കണ്ടു. പുര കത്തുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കുന്നതു പോലെയാണ് ആ വാര്‍ത്തകള്‍ കണ്ടപ്പോള്‍ തോന്നിയത്. വാപ്പച്ചിയായതു കൊണ്ട് വായനക്കാര്‍ കൂടുമെന്ന് അവര്‍ കരുതിയിട്ടുണ്ടാകും. വാപ്പച്ചി മരിക്കുന്ന ദിവസം ഞാന്‍ ചെന്നൈയിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടി.വി ഷോയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ പറഞ്ഞു.
പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയിനിങിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍, ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, ഷെയിന്‍ പറഞ്ഞു.
അബിയുടെ മരണകാരണം ചികിത്സാ പിഴവെന്ന ആരോപണം; മകന്‍ ഷെയിന്‍ നിഗത്തിന്റെ പ്രതികരണം
Tags: shane nigam