X

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ഒരു ‘കൈ’ സഹായത്തിന് സാം പിത്രോദയും

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്‌നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നയാള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തനിക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് പിത്രോദ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, വനിതകള്‍, ചെറുകിട ബിസിനസ് സംരംഭകര്‍, കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ച് പ്രകടന പത്രികക്ക് ജനകീയ മുഖം നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഈ വിഭാഗങ്ങളില്‍പെട്ടവരുടെ പ്രതിനിധികളുമായി പിത്രോദ കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസം കൊണ്ട് കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ജനങ്ങളില്‍നിന്നുള്ള പ്രതികരണം മനസ്സിലാക്കി ശാസ്ത്രീയവും പ്രായോഗികവുമായ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനാണ് ധാരണ.
ജനാധിപത്യം ഏതാനും ചില വ്യക്തികള്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പിത്രോദ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, പല ലോക രാജ്യങ്ങളിലും ഈ സ്ഥിതിയുണ്ട്. ജനാധിപത്യം എന്നാല്‍ ജയിക്കുന്നവന്‍ എല്ലാം തീരുമാനിക്കുന്ന ഗെയിമല്ല. സംഘടിത നേതൃത്വമാണ് വേണ്ടത്. എന്നാല്‍ ഇത് ജനാധിപത്യത്തില്‍ കാണാനാകുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും വ്യക്തിബിംബങ്ങളിലേക്ക് ചുരുങ്ങുകയാണ്- പിത്രോദ പറഞ്ഞു.
”ലോകത്തിലെ ഏറ്റവും തുറന്ന സമൂഹമാണ് ഇന്ത്യയിലേത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അവശരുമായ ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം കൂടിയേ തീരൂ. സംവരണം ഇല്ലാതാകുമ്പോള്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോകും. ഞാന്‍ വിശ്വകര്‍മ്മ വിഭാഗക്കാരനാണ്. ആശാരിയുടെ മകന്‍. ഉന്നതങ്ങള്‍ എത്തിപ്പിടിക്കാന്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് തടസ്സമാകാത്ത വിധം സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്ലതാണ്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളുടെ യോഗങ്ങളില്‍ പിത്രോദ പങ്കെടുക്കും.

chandrika: