പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി. ഭാര്യയോടുള്ള സംശയത്തിന്റെ പേരിലാണ് മകനെ റെജി തോമസ് കഴുത്തറുത്ത് കൊന്നത്.
മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന മകന്‍ റിജിന്‍ റെജി തോമസിനെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. അമ്മക്ക് സുഖമില്ലെന്നും ആസ്പത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുട്ടിയുടെ പിതൃത്വം സംശയിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി പറഞ്ഞിരുന്നു.
പ്രതി മനോരോഗിയാണെന്നും ഈ വിഭ്രാന്തിയിലാണ് കുറ്റകൃത്യം ചെയ്‌തെന്നും ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കൃത്യം നടത്തിയ സമയം പ്രതിക്ക് മനോരോഗം ഇല്ലായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും തെളിവുകളും അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്. കോയിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴഞ്ചേരി പൊലീസ് സി.ഐ ആയിരുന്ന ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു.