തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന്‍ രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ മോളി തോമസിനെയാണ് മകന്‍ പ്രിന്‍സ് സാഹസികമായി രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം റൈഫിള്‍ ക്ലബിനു സമീപമായിരുന്നു സംഭവം.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ശേഷം മകനുമൊത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയതായിരുന്നു മോളി തോമസ്. അമ്മയെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം പ്രിന്‍സ് പുറത്തിറങ്ങി. കാര്‍ റിവേഴ്‌സ് ഗിയറിലായിരുന്നുവെന്നതു പ്രിന്‍സ് അറിഞ്ഞില്ല. ഇതിനിടെ മോളി ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയതോടെ വാഹനം പിന്നിലേക്ക് പാഞ്ഞു. കാറിനടുത്തേക്ക് ഓടിയടുത്ത പ്രിന്‍സ് പെട്ടെന്നു തന്നെ ഡോര്‍ തുറന്ന് എഞ്ചിന്‍ ഓഫാക്കി അമ്മയെ വലിച്ച് പുറത്തിറക്കുകയായിരുന്നു. മോളി പുറത്തിറങ്ങിയ ഉടന്‍ തന്നെ കാര്‍ ജലാശയത്തില്‍ പതിക്കുകയും ചെയ്തു.