മാവേലിക്കര: എടുത്തുവെച്ച മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മര്‍ദിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയെ തുടര്‍ന്നു യുവാവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. വൈറലായ വിഡിയോ ഫെയ്സ്ബുക് അധികൃതര്‍ നീക്കം ചെയ്തു. ഗ്രീന്‍ കേരള എന്ന ഫെയ്സ്ബുക് പേജിലാണു തിങ്കളാഴ്ച രാത്രി വിഡിയോ പോസ്റ്റ് ചെയ്തത്.
യുവാവ് പിതാവിനെ അസഭ്യം പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ വൈറലായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നു കുറത്തികാട് പൊലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. വിഡിയോ പരിശോധിച്ച പൊലീസ് കല്ലുമല ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ രവീഷ് (29) ആണു പിതാവായ രഘുവിനെ ക്രൂരമായി മര്‍ദിക്കുന്നതെന്നു കണ്ടെത്തി.
രവീഷിനെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് എസ്ഐ എ.സി. വിപിന്‍ പറഞ്ഞു. ഗ്രീന്‍ കേരള പേജില്‍ നിന്നു വിഡിയോ നീക്കം ചെയ്തെങ്കിലും മറ്റു പല ഗ്രൂപ്പുകളിലും പിന്നീട് ഇതേ വിഡിയോ പ്രത്യക്ഷപ്പെട്ടു. രവീഷ് പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തൊഴിക്കുന്നതും അപ്പോള്‍ അമ്മ ശാപവാക്കുകള്‍ ചൊരിയുന്നതും വിഡിയോയിലുണ്ട്. സമീപവാസിയായ യുവാവ് രവീഷിനെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.