X

പിതാവിനെ കൊന്ന മകന് ജീവപര്യന്തം കഠിന തടവ്

തൊടുപുഴ: പിതാവിനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവായി. സഹകരണ ബാങ്ക് ജീവനക്കാരനും പാറത്തോട് മുണ്ടിയെരുമ ആലുങ്കല്‍ താഴത്ത് അബ്രാഹം എന്ന ജോസ്(45)നെയാണ് ശിക്ഷിച്ചത്. പിതാവ് സ്‌കറിയ(65)യെ 2013 നവംബര്‍ 15ന് കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ നാലാം ക്ലാസ് ജില്ലാ സെക്ഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവി വിധി പ്രസ്താവിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് സ്‌കറിയ കുഞ്ചിത്തണ്ണിയിലെ മുതുവാംകുടിയില്‍ ഒറ്റക്കായിരുന്ന താമസിച്ചിരുന്നത്. കഞ്ഞിക്കുഴിയിലെ തറവാട് വീട് പ്രതിയായ ജോസിനും സഹോദരനും ഭാഗം വച്ച് നല്‍കിയ ശേഷം സ്‌കറിയായും ഭാര്യയും കുഞ്ചിത്തണ്ണിയിലെക്ക് താമസം മാറി. ഇതിനിടെ സ്‌കറിയയുമായി പിണങ്ങി ഭാര്യ മക്കളുടെ കൂടെ പോകുകയും ചെയ്തു. ഭാര്യ തിരിച്ചുവരണമെന്നും തന്നോടൊപ്പം താമസിക്കണമെന്നും ആവശ്യപ്പെട്ട് സ്‌കറിയ തൊടുപുഴയിലെ കുടുംബക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തെങ്കിലും പ്രതി ജോസും
സഹോദരനും സഹോദരിയും മാതാവിനോടൊപ്പം ചേര്‍ന്ന് പിതാവിനെതിരായി നിലകൊണ്ടതോടെ സ്‌കറിയക്ക് അനുകൂലമായ വിധി ഉണ്ടായില്ല. പിന്നീട് ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം ആര്‍ ഡി ഒയ്ക്ക് സ്‌കറിയ മക്കള്‍ക്കെതിരെ പരാതി നല്‍കി. എന്നാല്‍ മൂത്ത മകളുടെ മേല്‍വിലാസം കൃത്യമായി അറിയാത്തതുകൊണ്ട് അദ്ധ്യാപികയായിരുന്ന മകള്‍ ജോലി ചെയ്തിരുന്ന തൊടുപുഴയിലെ സ്‌കൂളിന് സമീപത്തെത്തി വിവിരങ്ങള്‍ അന്വേഷിച്ച് തിരികെ പോകുകയായിരുന്നു. പിതാവ് മേല്‍വിലാസം തിരക്കിയതായി അറിഞ്ഞ മകള്‍ പ്രതി ജോസിനെ വിവരമറിയിച്ചു. പ്രതി അന്നേദിവസം ജോലികഴിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ ശേഷം ഭാര്യയെ വടംവലി മല്‍സരത്തിനുള്ള പരിശീലത്തിന് പോകുന്നെന്ന് തെറ്റിധരിപ്പിച്ചു. തുടര്‍ന്ന് രാത്രി 9.30ഓടെ ജോസ് ബൈക്കില്‍ കുഞ്ചിത്തണ്ണിയിലെ സ്‌കറിയയുടെ വീട്ടിലെത്തി. ഇതേസമയം സ്‌കറിയ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കറിയ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വീടിന് സമീപം പതുങ്ങി നിന്ന പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പുകൊണ്ട് പിതാവിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് പ്രതി കണ്ണില്‍ മണ്ണ് വാരിയിട്ട ശേഷം സമീപത്തിരുന്ന തൂമ്പക്കൊണ്ട് സ്‌കറിയയുടെ തലക്ക് അടിക്കുകയും വീണുകിടന്ന സ്‌കറിയയുടെ കാലിലേക്ക് വലിയ കല്ലിടുത്ത് ഇടുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്‌കറിയ കൊല്ലപ്പെടുകയായിരുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം പ്രതി കൃത്യം നടത്തുന്നതിനുപയോഗിച്ച കയ്യുറയും തൂമ്പയും കൊല്ലപ്പെട്ട സ്‌കറിയയുടെ മൊബൈല്‍ ഫോണും ചെങ്കുളം ഡാമില്‍ ഉപേക്ഷിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം സംഘം ചെങ്കുളം ഡാമിലെത്തുകയും മുങ്ങല്‍ വിദഗ്ദരുടെ സഹായത്താല്‍ നടത്തിയ പരിശോധനയില്‍ തൂമ്പകണ്ടെടുക്കുകയും
ചെയ്തു. എന്നാല്‍ മറ്റ് തെളിവുകള്‍ അന്വേഷണ സംഘത്തിന് കെണ്ടത്താനായില്ല. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളാണ് നിര്‍ണായകമായത്. കേസില്‍ പ്രോസിക്യൂഷന്‍ 36 സാക്ഷികളെ വിസ്തരിക്കുകയും 54 പ്രമാണങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. ഇവയില്‍ 23 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. അന്നത്തെ മൂന്നാര്‍ സിഐ എ ആര്‍ ഷാനിഖാന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എബി ഡി കോലോത്ത് ഹാജരായി.

chandrika: