കൊച്ചി: സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുസ്മരണ ചടങ്ങ് ഉപേക്ഷിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി നടത്താനിരുന്ന പ്രഭാഷണ പരമ്പരകളാണ് സിപിഎം ഇടപ്പെട്ട് ഒഴിവാക്കിയത്. ഗാന്ധിജി, അംബേദ്കര്‍, ചെമ്മനംചാക്കോ, വാജ്‌പേയി, സോമനാഥ് ചാറ്റര്‍ജി എന്നിവരെ അനുസ്മരിച്ചാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. എന്നാല്‍ സോമനാഥ് ചാറ്റര്‍ജി അനുസ്മരണം വിലക്കിയതോടെ പ്രഭാഷണ പരമ്പര ഒഴിവാക്കുകയായിരുന്നു.
പരിപാടിക്ക് മുമ്പായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്നും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനില്‍ നിന്നും ഈ പരിപാടിക്കായി സംഘാടകര്‍ അനുമതി വാങ്ങിയിരുന്നു. ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.രമേശന്‍, സിപിഎം എംഎല്‍എ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകര്‍.
എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ ഒരാളുടെ അനുസ്മരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത് ശരിയായ പ്രവണതയല്ലെന്നാണ് പരിപാടിയെ എതിര്‍ത്ത സിപിഎം നേതാക്കളുടെ വാദം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കുന്നുവെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സോമനാഥ് ചാറ്റര്‍ജി അനുസ്മരണം ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളിലെ വിവാദം ശക്തമായതോടെ പരിപാടി ഒന്നാകെ ഒഴിവാക്കിയതെന്ന് സംഘടകരിലൊരാള്‍ പറഞ്ഞു.