അഹമ്മദാബാദ്: അഹിംസയുടെ ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ അക്രമം അനിവാര്യമാണെന്നും ഇന്ത്യ എല്ലാവരേയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകണമെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി. ഹിന്ദുക്കള്‍ എപ്പോഴും തങ്ങളുടെ മതം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ‘ധര്‍മം’ സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ ‘അധര്‍മം’ എന്ന് മുദ്രകുത്തുന്ന കാര്യങ്ങള്‍ പോലും നമുക്ക് ചെയ്യേണ്ടി വരും. അത്തരം കാര്യങ്ങള്‍ നമ്മുടെ പൂര്‍വ്വികരും ചെയ്തിട്ടുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു. ‘അധര്‍മ’ത്തെ ചെറുക്കാന്‍ പാണ്ഡവര്‍ക്ക് യുദ്ധനിയമങ്ങളെ മാറ്റി വെക്കേണ്ടി വന്നതായും മഹാഭാരത യുദ്ധത്തെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന ‘ഹിന്ദു ആധ്യാത്മിക സേവാമേള’ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതത്തില്‍ അഹിംസയുടെ ഘടകം ഉണ്ട്. എന്നിരുന്നാലും, അഹിംസ എന്ന ആശയം സംരക്ഷിക്കാന്‍ ചിലപ്പോള്‍ നമുക്ക് അക്രമം നടത്തേണ്ടി വരും. അല്ലെങ്കില്‍, അഹിംസ എന്ന ആശയം ഒരിക്കലും സുരക്ഷിതമാകില്ല. നമ്മുടെ മഹാന്മാരായ പൂര്‍വികരാണ് ആ സന്ദേശം ഞങ്ങള്‍ക്ക് നല്‍കിയത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) ആണ് നമ്മുടെ ആശയം. ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കിയാല്‍ ഒരു സംഘര്‍ഷവും ഉണ്ടാകില്ല. ശക്തമായ ഇന്ത്യയും ശക്തമായ ഹിന്ദു സമൂഹവും എല്ലാവര്‍ക്കും പ്രയോജനകരമാണെന്ന് ഞങ്ങള്‍ ലോകത്തിന് ഉറപ്പ് നല്‍കുന്നു. കാരണം ഞങ്ങള്‍ ദുര്‍ബലരെയും അധഃസ്ഥിതരെയും സംരക്ഷിക്കും. ഇതാണ് ഹിന്ദുവിന്റെ പ്രത്യയശാസ്ത്രം’ -ജോഷി പറഞ്ഞു.
സഭയോ മിഷനറിമാരോ പോലുള്ള ചില സ്ഥാപനങ്ങള്‍ മാത്രമാണ് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നതെന്നത് മിഥ്യയാണ്. ദിവസേന ഒരു കോടിയോളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു പുരാതന പാരമ്പര്യം നമ്മുടെ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉണ്ടായിരുന്നു. ഹിന്ദുമത സംഘടനകള്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, അവര്‍ സ്‌കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.