X

ചിലർക്ക് അമാനുഷികനും ഭഗവാനുമാകാൻ ആഗ്രഹം; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്

മോദിക്കെതിരെ ഒളിയമ്പുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികനും ഭാഗവാനുമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേര്‍ അതിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഝാര്‍ഖണ്ഡിലെ ഗുംലയില്‍ സന്നദ്ധ സംഘടനയായ വികാസ് ഭാരതിയുടെ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനായിട്ടും ചില ആളുകള്‍ക്ക് മാനുഷിക ഗുണങ്ങളൊന്നും ഇല്ലെന്നും അവര്‍ ആദ്യം അത് വളര്‍ത്തിയെടുക്കണമെന്നും ഭാഗവത് വ്യക്തമാക്കി. ‘ചില ആളുകള്‍ സൂപ്പര്‍മാന്‍ ആകണമെന്ന് ആഗ്രഹിക്കുന്നു. പിന്നെ ദേവതയാകണമെന്നും ഭഗവാനാകണമെന്നും തോന്നും. ഭാഗവനായി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’ -ഭാഗവത് പറഞ്ഞു.

മാനുഷിക ഗുണങ്ങള്‍ കൈവരിച്ചതിനുശേഷം മാത്രമേ ഒരാള്‍ക്ക് അമാനുഷികനും തുടര്‍ന്ന് ‘ദേവത’, ‘ഭഗവാന്‍’ എന്നീ പദവികളും ആഗ്രഹിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്തരികവും ബാഹ്യവുമായ വികാസത്തിന് പരിധിയില്ലെന്നും മനുഷ്യത്വത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കണമെന്നും ഒരു തൊഴിലാളി ഒരിക്കലും തന്‍െ ജോലിയില്‍ തൃപ്തനാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണം ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും ഈശ്വരനാണ് തന്നെ അയച്ചതെന്നും മോദി പറഞ്ഞിരുന്നു. ‘അമ്മ ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈശ്വരന്‍ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി. ഈ ഊര്‍ജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരന്‍ തരുന്നതാണ്.

ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയതായി ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാല്‍ എന്തു ചെയ്യുമ്പോഴും ഈശ്വരന്‍ എന്നെ നയിക്കുന്നതായി ഞാന്‍ കരുതുന്നു’ -ഒരു ചാനല്‍ അഭിമുഖത്തില്‍ അന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടേതായ സ്വഭാവമുണ്ടെന്നും പലരും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. നമുക്ക് വ്യത്യസ്ത ആരാധന രീതികളാണ്. 33 കോടി ദേവന്മാരും 3,800ലധികം ഭാഷകളും ഇവിടെ സംസാരിക്കുന്നുണ്ട്, ഭക്ഷണ ശീലങ്ങള്‍ പോലും വ്യത്യസ്തമാണ്. എന്നാല്‍, നമ്മുടെ മനസ്സ് ഒന്നാണ്, മറ്റ് രാജ്യങ്ങളില്‍ ഇത് കണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്ക് ശേഷം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യയാണെന്ന് ലോകത്തിനു മുഴുവന്‍ മനസ്സിലായെന്നും ഭാഗവത് പറഞ്ഞു.

 

webdesk13: