എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

webdesk13:
whatsapp
line