X
    Categories: CultureMoreViews

യു.പി ഉപതെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയില്‍ പൊട്ടിത്തെറി

ലക്‌നൗ: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ യു.പിയില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് പടയൊരുക്കം. ആദിത്യനാഥിന്റെ ഏകാധിപത്യ പ്രവണതയില്‍ അതൃപ്തിയുള്ള ബി.ജെ.പി നേതാക്കളാണ് അവസരം മുതലെടുത്ത് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യു.പിക്ക് പുറത്തുള്ള ബി.ജെ.പി നേതാക്കളും യോഗിക്കെതിരെ രംഗത്ത് വന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയരുമോയെന്ന് ഭയമുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അധികാരത്തിലെത്തിയപ്പോള്‍ മോദി തീവ്രഹിന്ദുത്വ മുഖം ഉപേക്ഷിച്ചതായി ആര്‍.എസ്.എസിലെ ഒരു വിഭാഗത്തിന് പരാതിയുണ്ട്. ഇവര്‍ അടുത്ത പ്രധാനമന്ത്രിയായി ആദിത്യനാഥിനെ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് മോദിയും അമിത് ഷായും ആദിത്യനാഥിനെതിരായ നീക്കങ്ങള്‍ക്ക് മൗനസമ്മതം നല്‍കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി പ്രിഥിരാജ് ചൗഹാന്‍, കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങിയവരും യു.പിയിലെ പരാജയത്തില്‍ സന്തോഷിക്കുന്നവരാണ്.

‘ യോഗിയുടെ പരാജയത്തില്‍ മോദി സന്തോഷിക്കുന്നു, ക്ഷത്രിയ സീറ്റില്‍ ബ്രാഹ്മണന്‍ പരാജയപ്പെട്ടതില്‍ യോഗി സന്തോഷിക്കുന്നു, ഒരു നിഷാദ് ജയിച്ചതില്‍ ദളിതര്‍ സന്തോഷിക്കുന്നു, രാജ്യസഭയിലെത്താന്‍ ഒരു അവസരം നിലനില്‍ക്കുന്നു എന്നതില്‍ മായാവതി സന്തോഷിക്കുന്നു’ ഇങ്ങനെയാണ് യു.പി തെരഞ്ഞെടുപ്പ് ഫലം ഒരു ഹിന്ദി പത്രം വിലയിരുത്തിയത്.

പരാജയം വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ യോഗി രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വര്‍ഷങ്ങളായി ആദിത്യനാഥ് എം.പിയായ ഒരു മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം മറ്റാര്‍ക്കുമല്ലെന്നും അതുകൊണ്ട് ആദിത്യനാഥ് രാജിവെക്കണമെന്നും ഒരു നേതാവ് ആവശ്യപ്പെട്ടു. ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥിനെ പ്രചരണത്തിനിറക്കരുതെന്നും പാര്‍ട്ടില്‍ ആവശ്യമുയരുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: