X

മൊഗാദിഷുവില്‍ ഉഗ്രസ്‌ഫോടനം; 137 മരണം

മൊഗാദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ വന്‍ സ്‌ഫോടനം. 137 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. നഗരത്തിലെ തിരക്കേറിയ ജങ്ഷനില്‍ ഒരു ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തെ ബിസിനസ് സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തകര്‍ന്നു. പല കെട്ടിടങ്ങളും നിലംപൊത്തിയ നിലയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയാണ് പലരും മരിച്ചത്. സിറ്റി മേയറുടെ അഭ്യര്‍ത്ഥന പ്രകാരം പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ നൂറുകണക്കിന് ആളുകള്‍ ആസ്പത്രികളിലെത്തി. സോമാലിയന്‍ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവെച്ച് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച് വന്‍ സ്‌ഫോടനമുണ്ടായത്.

കൊല്ലപ്പെട്ടവരോടുള്ള ആദര സൂചകമായി പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ഫര്‍മജോ മൂന്നു ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിനിരയായവരെ സഹായിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

chandrika: