ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന നിയമജ്ഞനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി. അദ്ദേഹത്തെ നിശബ്ദനാക്കുകയല്ല ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടത്-സോളി സൊറാബ്ജി പറഞ്ഞു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ് കോടതി ചെയ്യേണ്ടതെന്നും സൊറാബ്ജി പറഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് ശിക്ഷവിധിക്കാനായി കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ചിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഉള്‍പ്പെടെ പ്രശാന്ത് ഭൂഷണെ പിന്തുണച്ച് രംഗത്ത് വന്നതോടെ ജഡ്ജിമാര്‍ കുരുക്കിലായി.
നിരുപാധികം മാപ്പ് പറഞ്ഞാല്‍ വെറുതെവിടാമെന്നാണ് കോടതി പ്രശാന്ത് ഭൂഷണോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തിരുത്താനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 25ന് കേസ് വീണ്ടും പരിഗണിക്കും.