X
    Categories: Video Stories

ലങ്കയെ അവരുടെ നാട്ടില്‍ അട്ടിമറിച്ച് സിംബാബ്‌വെ; സോളമണ്‍ മിറെക്ക് സെഞ്ച്വറി

കന്നി ഏകദിന സെഞ്ച്വറി നേടിയ സോളമണ്‍ മിറെ

ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും ഓപണര്‍ സോളമണ്‍ മിറെയുടെ (112) കന്നി സെഞ്ച്വറിയുടെ കരുത്തില്‍ ആഫ്രിക്കന്‍ ടീം 14 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

സോളമണ്‍ മിറെ ആണ് കളിയിലെ താരം. ലങ്കന്‍ മണ്ണിലെ ഏറ്റവും വലിയ റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സിംബാബ്‌വെ സ്വന്തം പേരിലാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ദനുഷ്‌ക ഗുണതിലക (60), കുശാല്‍ മെന്‍ഡിസ് (86), ഉപുല്‍ തരംഗ (79 നോട്ടൗട്ട്), ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസ് (43) എന്നിവരുടെ ബാറ്റിങ് മികവിലാണ് 316 റണ്‍സടിച്ചത്. ടെന്‍ഡയ് ചടാര 49 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ മൂന്നാം ഓവറില്‍ തന്നെ ഹാമില്‍ട്ടണ്‍ മസാകഡ്‌സയെ (5) നഷ്ടമായെങ്കിലും മിറെയുടെ തകര്‍പ്പന്‍ പ്രകടനം സന്ദര്‍ശകരെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്രെയ്ഗ് ഇര്‍വിനൊപ്പം (18) 34 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ ഷോണ്‍ വില്യംസിനൊപ്പം (65) 161 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ മിറെ സ്‌കോര്‍ 207-ലെത്തിച്ച ശേഷമാണ് പുറത്തായത്. പുറത്താകാതെ 67 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയും മാല്‍ക്കം വാലറും അഞ്ചാം വിക്കറ്റിലുണ്ടാക്കിയ 102 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സിംബാബ്‌വെക്ക് ജയം എളുപ്പമാക്കി. അപോന്‍സോയെ സിക്‌സറിനു പറത്തിയാണ് റാസ വിജയം ആഘോഷിച്ചത്. ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും സിംബാബ്‌വെ ബാറ്റിങിന്റെ അടിയിളക്കാന്‍ ലങ്കക്ക് കഴിഞ്ഞില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: