ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ള താരങ്ങള്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്‌സ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.
ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ കുറേ കാലമായി ഓസ്‌കാര്‍ വേദിയില്‍ ഗസ സംഘര്‍ഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ താരങ്ങള്‍ മടിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം. ബാര്‍ബിയിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിര്‍മാതവുമായ ഫിന്നീസും വേദിയില്‍ ബാഡ്ജ് ധരിച്ചിരുന്നു.
മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പുവര്‍ തിങ്സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റില്‍ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാന്‍ വേദിയില്‍ എത്തിയത്. ‘ഈ ബാഡ്ജുകര്‍ ധരിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങള്‍ക്കിടയിലുണ്ടാകും. ഇതിനകം വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ടാകുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല,’ യൂസഫ് ഒരു അഭിമുഖത്തില്‍
പറഞ്ഞു.
റെഡ് കാര്‍പ്പറ്റില്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ താന്‍ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല, വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിര്‍ത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ അവ ദുവെര്‍നെ, നടന്‍ ക്വന്ന ചേസിങ് ഹോഴ്‌സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു. ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്‌നറും സ്വാന്‍ ആര്‍ലോഡും ഫലസ്തീന്‍ പതാകയുടെ ബാഡ്ജായിരുന്നു ധരിച്ചത്.
അതേസമയം ജനുവരിയില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ നടി ജെ. സ്മിത്ത് ക്യാമറോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഞ്ഞ ബാഡ്ജുകള്‍ ധരിച്ചിരുന്നു.