X

വടക്കന്‍ ജനതക്കായുള്ള സഹനസമരം

അഡ്വ. എം.ടി.പി.എ കരീം

പ്രാപ്യമായിരുന്ന സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അശരണര്‍ക്കായി ജീവിതവഴിസ്വീകരിച്ച മധ്യപ്രദേശുകാരി ദയാബായി എന്ന ലോകമറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരമിരുന്നിട്ട് 13നാള്‍ പിന്നിട്ടു. ആരുടേയും പ്രേരണയല്ല,വടക്കന്‍ അതിര്‍ത്തി ജില്ലയുടെ ആരോഗ്യരംഗത്തെ ദൈന്യമുഖം കണ്ടാണ് അവര്‍ ബ്രിട്ടീഷ് ആധിപത്യത്തെ കെട്ടുകെട്ടിച്ച ഗാന്ധിയന്‍ സമരമുറയുമായി ഇറങ്ങിയത്. എണ്‍പത് കഴിഞ്ഞ വന്ദ്യവയോധിക ഭരണസിരാകേന്ദ്രത്തിന് മുന്‍പില്‍ കിടക്കുന്നത് മേല്‍ക്കൂര പോലുമില്ലാത്ത വെറും സിമന്റ് തറയില്‍. പന്തല്‍കെട്ടാന്‍ അനുമതിയില്ലാതെ, വെയിലും മഴയും മഞ്ഞും സഹിച്ചാണ് സെക്രട്ടറിയേറ്റ് നടയില്‍ കൃശഗാത്രയായ ഒരമ്മ രാപ്പകല്‍ ഇവിടെ കഴിയുന്നത് എന്നത് സര്‍ക്കാറിന് ഇപ്പോഴും അലോസരമുണ്ടാക്കുന്നില്ല.

സഹനസമരം പിന്നിട്ട നാളുകളില്‍ വേദിയില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചവര്‍ നിയമസഭാസാമാജികരടക്കമുള്ള ഉന്നത നേതാക്കളും ജീവിതത്തിലെ നാനാതുറകളിലുള്ളവരുമാണ്. ഇനിയും വന്നെത്താത്തത് മന്ത്രിമാരും ഇനിയും വിഷയം ചെവികൊള്ളാത്തത് മുഖ്യമന്ത്രിക്കുമാണ്. സമരനായികയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യവുമായി ഒരാഹ്വാനം പോലുമില്ലാതെ ‘അവര്‍ ഒറ്റയ്ക്കല്ല’ എന്ന പ്രഖ്യാപനവുമായി വടക്കന്‍ ജില്ലക്കാരാകെ അനന്തപുരിക്ക് വണ്ടികയറുന്ന അനിതരസാധാരണമായ സമരകാഴ്ചയാണെങ്ങും. ദയാബായിയോടും കാസര്‍കോടിനോടും ദയ കാണിക്കൂ സര്‍ക്കാറെ എന്നാണ് അവര്‍ ഉയര്‍ത്തുന്ന പ്ലകാര്‍ഡിലെ വാചകം. ചികിത്സ നല്‍കേണ്ടത് തനിക്കല്ല, ആകാശത്ത്‌നിന്ന് വിഷമഴചീറ്റിയ ഒരു നാട്ടിലെ നിരാലംബരും നിസ്സഹായരുമായവര്‍ക്കാണെന്ന സമരനായികയുടെ വാക്കുകളില്‍ ആര്‍ജവം സ്ഫുരിക്കുന്നു. അവരുടെ ഉണ്ണാവൃതമിന്ന് നാടാകെ ഏറ്റെടുത്ത വന്‍സമരജ്വാലയായി വളര്‍ന്നിരിക്കുന്നു. കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് എഫ്.ബിയില്‍ കുറിച്ചത് പോലെ ഒരു നിമിഷം കൊണ്ട് ഭരണകൂടത്തിന് തീര്‍ക്കാവുന്ന ആവശ്യങ്ങളേ അവര്‍ മുന്നോട്ട്‌വെച്ചിട്ടുള്ളൂ. പിന്നെന്ത്‌കൊണ്ട് ജീവന്‍ തുലാസിലാടുന്ന സമരത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ്‌നില്‍ക്കുന്നു.

മെച്ചപ്പെട്ട ചികിത്സാസൗകര്യം പോലുമില്ലാത്ത കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്നതാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമിട്ട അനിശ്ചിതകാല സത്യഗ്രഹത്തിലെ മുഖ്യ ആവശ്യം. എയിംസ് കേന്ദ്രത്തിന്റേതാണെങ്കിലും സ്ഥാപനം എവിടെ വേണമെന്ന നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇരു സര്‍ക്കാറുകളും ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണ്. സാംസ്‌കാരിക വൈവിധ്യത്തിന്റെ സവിശേഷമുദ്രയുള്ള കാസര്‍കോടിന്റെ ആരോഗ്യരംഗത്തെ ദുരവസ്ഥ കാണണമെങ്കില്‍ ഒരു വിഗഹസഞ്ചാരം മതിയാകും. ചികിത്സാ പരിമിതികളില്‍ കഷ്ടപ്പെടാനാണീ നാടിന്റെ വിധി. ശിലാഹൃദയന് പോലും മനസ്സുരുകി പോകുന്ന ഒരുനാടിന്റെ ദൈന്യമുഖം കാണാനായത് കോവിഡ് കാലത്താണ്. കര്‍ണാടക അതിര്‍ത്തി വഴികള്‍ കൊട്ടിയടച്ചത് കാരണം ചികിത്സ നിഷേധിക്കപ്പെട്ട് 20 മനുഷ്യജീവനുകളാണ് ഹോമിക്കപ്പെട്ടത്. ഏറെ പ്രതീക്ഷ നല്‍കിയ ഉക്കിനടുക്കയിലെ മെഡി.കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനപ്പുറം വളരാതെ ബാലാരിഷ്ടതകളുമായി ഇഴഞ്ഞ്‌നീങ്ങുന്നു. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ പണം നല്‍കാതെ കരാറുകാരന്‍ പണി നിര്‍ത്തിപ്പോയ ദുരവസ്ഥയാണിവിടെ. കോവിഡ് രൂക്ഷതയില്‍ ടാറ്റാ ട്രസ്റ്റ് നല്‍കിയ ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രിയും ജീവനക്കാരില്ലാത്തതിനെതുടര്‍ന്ന് ആളൊഴിഞ്ഞ് കിടക്കുന്നു. ആശുപത്രിയെ പൂര്‍ണ നിലയിലേക്ക് ഉയര്‍ത്താന്‍ ഇനിയുമായില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയും കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയും അപര്യാപ്തതകളാല്‍ നിത്യവും വാര്‍ത്തകളില്‍ നിറയുന്നു. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി രണ്ടു വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമാകാതെ സര്‍ക്കാറിന്റെ കൊടും അവഗണനയുടെ പ്രതീകമാണ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും അഭാവം ആശുപത്രികളെ നോക്കുകുത്തിയാക്കി. കാല്‍നൂറ്റാണ്ട്കാലം എന്‍ഡോസള്‍ഫാന്‍ വിഷമഴതളിച്ചത് മൂലം ഇപ്പോഴും തീരാദുരിതത്തിലായ ഒരു ജനതയുടെ നോവ് കാണാന്‍ ഭരണകൂടത്തിന് സാധിക്കാതെ പോകുകയാണ്.

Test User: