X

ഖരമാലിന്യ സംസ്‌കരണം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ശ്ലാഘനീയമെന്ന് ഹൈക്കോടതി

ഖരമാലിന്യ സംസ്‌കരണ ചട്ടം, 2016 പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭരണഘടനാപരമായി ഇടപെടേണ്ടതുണ്ട് എന്ന് കേരള ഹൈക്കോടതിയുടെ 21.03.2023 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനപ്രതിനിധി എന്ന നിലയിലും മുന്‍മന്ത്രി എന്ന നിലയിലും തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും കോടതിയില്‍ അറിയിക്കാന്‍ സന്നദ്ധമാണ് എന്ന് അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തിരം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി കോടതിയില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സമയോചിതമായാണെന്നും ഖരമാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ അറിയിച്ചു. തന്റെ നിയോജക മണ്ഡലമായ വേങ്ങരയിലെ 6 പഞ്ചായത്തുകളിലും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്‌കരണം നടത്തുന്നതിനുള്ള നടപടികള്‍ ജനപങ്കാളിത്തത്തോടെ നടത്തുന്നുണ്ടെന്നും ഹരിത കര്‍മ്മ സേനയുടെ പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ട് തന്നെ 80 ശതമാനം ജനങ്ങളും ഈ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറവിടം വേര്‍തിരിക്കല്‍ സംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കരിക്കുലത്തിന്റെ ഭാഗമായി തന്നെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും കുട്ടികളില്‍ മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അവബോധം നല്‍കുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ സംസ്‌കരണത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേകം ഫണ്ട് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര നിയോജക മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ 80 ശതമാനത്തോളം ഖരമാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസനീയമാണെന്നും മറ്റു സ്ഥലങ്ങളില്‍ ഇത് പിന്തുടരാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. 20 ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ഇതിന്റെ പ്രാധാന്യം മനസ്സിലാകാത്തത് ദുഃഖകരമാണെന്ന് അഡ്വക്കേറ്റ് മുഹമ്മദ് ഷാ കോടതിയെ അറിയിച്ചു. അത്തരം സ്ഥലങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടല്‍ ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.

 

webdesk11: