തിരുവനന്തപുരം: സോളര്‍ കേസുകളുടെ അന്വേഷണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് രണ്ടുകോടിയോളം രൂപ. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശകള്‍ നടപ്പായില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
സോളര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരുകോടി എഴുപത്തിയേഴുലക്ഷം രൂപ. നാലുവര്‍ഷം നീണ്ട പ്രവര്‍ത്തന കാലയളവില്‍ കമ്മിഷന്‍ ചെയര്‍മാന്റെയും മറ്റ് അംഗങ്ങളുടെയും ശമ്പളവും മറ്റ് ചെലവുകളും ഉള്‍പ്പടെയാണ് ഇത്രയും തുക ചെലവായത്. ചെലവിന്റെ വിശദാംശങ്ങള്‍ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പരാതിക്കാരില്‍നിന്ന് ടീം സോളര്‍ പത്തുകോടിയില്‍താഴെ തുക തട്ടിയെടുത്തുവെന്നാണ് കേസ്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്ത് പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നുവെന്ന മറുപടിയുമുണ്ട്.