തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന് തന്നെ ആധാരമായ സരിത എസ്.നായരുടെ 25 പേജുള്ള കത്ത് വ്യാജമെന്ന് വെളിപ്പെടുത്തല്‍.
യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഇടത് എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറാണെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. 21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ഒരു നേതാവിനെതിരെയും ലൈംഗികാരോപണങ്ങള്‍ സരിത ഉന്നയിച്ചിരുന്നില്ല. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇവ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണ സംഘത്തിന് മുന്നില്‍ ഇതു സംബന്ധിച്ച വസ്തുതകളെല്ലാം വെളിപ്പെടുത്തുമെന്നും ഫെനി പറഞ്ഞു.
2015 മാര്‍ച്ച് 13 ന് കൊട്ടാരക്കാരയില്‍ വെച്ച് ബാലകൃഷ്ണപിള്ളയുടെ അനന്തരവനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ശരണ്യ മനോജും ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപും സരിതയും താനുമായി കൂടിക്കാഴ്ച നടത്തി. 21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ചില നേതാക്കളുടെ പേരുകളും ലൈംഗികാരോപണങ്ങളും കൂട്ടിച്ചേര്‍ക്കണമെന്ന് ഗണേഷ് കുമാര്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ വാങ്ങികൊണ്ടുവന്ന 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണ്. 21 പേജാണെന്നും ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. കത്ത് ജയിലിനു പുറത്തുള്ള ഗണേഷ്് കുമാറിന്റെ പി.എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടേത് 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയെങ്കിലും കമ്മീഷന്‍ ഇക്കാര്യം ഗൗനിച്ചില്ല.
ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം കത്തില്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍ എഴുതി തയ്യാറാക്കി ശരണ്യ മനോജ് സരിതയെ ഏല്‍പ്പിക്കുകയായിരുന്നു. പ്രദീപും ഒപ്പമുണ്ടായിരുന്നു. ആ ദിവസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. പിന്നീട് വീട്ടിലെത്തി സരിത സ്വന്തം കൈപ്പടയില്‍ കത്തെഴുതുകയായിരുന്നു. ജോസ് കെ.മാണിയുടെയും പി.സി വിഷ്ണുനാഥിന്റെയും പേര് ഇത്തരത്തില്‍ ചേര്‍ക്കപ്പെടുകയായിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളും എഴുതിചേര്‍ത്തു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, ഇനി ഏതായാലും ഗണേശിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു ശരണ്യ മനോജിന്റെ മറുപടി- ഫെനി പറഞ്ഞു.