ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്‍ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്‍ 11ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ച് ഉമ്മന്‍ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കുമെന്ന പ്രഖ്യാപിച്ച പിണറായി, വിശദമായ നിയമോപദേശത്തിന് ശേഷം ഇതില്‍ നിന്ന് പിന്നാക്കം പോയി. എന്നാല്‍ ഇന്നലെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കവും രാഷ്ട്രീയ ദുരുദ്ദേശവും വ്യക്തമാക്കുന്നതായിരുന്നു.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം നേരിടാന്‍ ഇടയാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശങ്ങളായിരുന്നു. ഇരുവരുടേയും ഉപദേശമനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമോപദേശത്തില്‍ ഉറച്ചുവിശ്വസിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളാണ് രണ്ടുമാസത്തിന് ശേഷം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിദഗ്ധ നിയമോപദേശം ലഭിച്ചതോടെ പ്രഖ്യാപിച്ച നടപടികള്‍ പിന്നീട് സര്‍ക്കാരിന് മരവിപ്പിക്കേണ്ടിവന്നെങ്കിലും സോളാര്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുനല്‍കിയ ഹര്‍ജിയിലെ കോടതിയുടെ ആദ്യ ഇടപെടല്‍ സര്‍ക്കാരിനെ അമ്പരപ്പിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നത് നിയമോപദേശകരും സ്വന്തം ഓഫീസിലെ ഉപദേശകരുമാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു കണ്ടെത്തലുകളും ഇല്ലെന്നും പലപ്പോഴായി പറഞ്ഞുകേട്ട ആരോപണങ്ങള്‍ രേഖപ്പെടുത്തുക മാത്രമായിരുന്നെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതിന്റെ സൂചനയാണ് ഇന്നലെയുണ്ടായ കോടതിവിധി. വിചാരണ നടക്കുന്നതിന് മുമ്പ് എങ്ങനെ നിഗമനത്തിലെത്താനായെന്ന ഹൈക്കോടതിയുടെ ചോദ്യം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി.