തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കേസ് അന്വേഷണ സംഘം രംഗത്ത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷണ സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എ.ഹേമചന്ദ്രനാണ് രംഗത്തുവന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഹേമചന്ദ്രന്‍ കത്തു നല്‍കി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും നടപടി നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരെ ഇതിലേക്ക് വലിച്ചിഴച്ച് ബലിയാടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ശമുണ്ട്. അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കാനുള്ള നീക്കത്തിലാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ എഴുതി ചേര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ അന്വേഷണസംഘം
Tags: hemachandransolar case