സോളാര്‍ കമ്മീഷനായിരുന്ന ജസ്റ്റിസ് ശിവരാജന്‍ ചോദിച്ച പല ചോദ്യങ്ങളും പ്രസക്തമല്ലാത്തവയായിരുന്നുവെന്നും തനിക്കെതിരെ റിപ്പോര്‍ട്ട് എഴുതിയത് വിശ്വസിച്ച് പിണറായി സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നുവെന്നും മുന്‍ ഡി.ജി.പി ഹേമചന്ദ്രന്‍. സോളാര്‍ അന്വേഷണസംഘത്തിന്റെ തലപ്പത്ത് താനും നാല് ഡിവൈ.എസ്.പിമാരുമായിരുന്നു. അന്വേഷണത്തില്‍ തെറ്റുപറ്റിയെങ്കില്‍ എന്നെ ശിക്ഷിച്ചാല്‍ പോരേ ,മറ്റുള്ളവരെ സ്ഥലം മാറ്റിയതെന്തുകൊണ്ടാണെന്നും ഹേമചന്ദ്രന്‍ ചോദിച്ചു.
പ്രതികള്‍ക്കുവേണ്ടിയായിരുന്നു കമ്മീഷന്റെ പല ചോദ്യങ്ങളും. മുഖ്യപ്രതിയുടെ മൊഴി വിശ്വസിച്ച് എന്തുകൊണ്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ചോദ്യം ചെയ്തില്ല എന്നും കമ്മീഷന്‍ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രന്റെ പുസ്തകം ‘നീതി എവിടെ ?’ അടുത്തിടെയാണ് പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്‍ മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.
ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കിയതില്‍ പിണറായി സര്‍ക്കാരിന് തെറ്റുപറ്റിയതായും ഇതിന് കാരണം ഡിജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടാണെന്നും ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. എല്ലാവര്ക്കും സുരക്ഷ നല്‍കണമായിരുന്നു. അതിന് പകരം വിശ്വാസികളെ മാറ്റിനിര്‍ത്തിയും പീഡിപ്പിച്ചും ആക്ടിവിസ്റ്റുകള്‍ക്ക് മാത്രം സുരക്ഷ നല്‍കിയും പൊലീസ് നയമെടുത്തപ്പോള്‍ അത് സര്‍ക്കാരിനെതിരായി . ഇത് അന്നുതന്നെ താന്‍ മുഖ്യമന്ത്രിയോട് നേരിട്ട് ചൂണ്ടിക്കാട്ടിയതായും ഹേമചന്ദ്രന്‍ പറഞ്ഞു.
ജസ്റ്റിസ് ശിവരാജന്‍ തനിക്കെതിരെ റിപ്പോര്‍ട്ടെഴുതി കെ.എസ്.ആര്‍.ടി. സിയിലേക്ക് സര്‍ക്കാര്‍ മാറ്റിയെങ്കിലും അവിടെ പിന്തുണ ലഭിച്ചതായും അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കി.