തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി. വൈകിട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മിഷന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് റിപ്പോര്‍ട്ട് കൈമാറിയത്.
“നാല് ഭാഗങ്ങളായുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. തുടര്‍നടപടികള്‍ സര്‍ക്കാറാണ് തീരുമാനിക്കേണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദാംശങ്ങള്‍ മുഖ്യമതന്ത്രി തന്നെ പറയുമെന്നും, ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യം ആറു മാസത്തേക്ക് നിയമിച്ച കമ്മീഷന്റെ കാലാവധി പലപ്രാവശ്യം ദീര്‍ഘിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷവും 11 മാസവും നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമോ അതോ തള്ളണമോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സര്‍ക്കാരിനുണ്ട്.
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് അന്വേഷണം പൂര്‍ത്തിയാകുന്നത്. അന്വേഷണം തുടങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2013 ഓഗസ്റ്റ് 16നാണ് മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. 2013 സെപ്തംബര്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒക്‌ടോബര്‍ 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. ഒക്‌ടോബര്‍ 23ന് റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിശ്ചയിച്ചു. സോളാര്‍ വൈദ്യുത പദ്ധതിയുമായി സര്‍ക്കാരിനെ സമീപിച്ച സരിതാ നായര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിമാരും അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ആരോപണം. പ്രധാന സാക്ഷിയായ സരിത നായരില്‍ നിന്നടക്കം തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടായ കാലതാമസമാണ് കമ്മിഷന്റെ നടപടികള്‍ വൈകിപ്പിച്ചത്.