തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇന്നിറങ്ങും. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.
ഇന്നലെയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണത്തിന് പുതിയ സംഘം. മുന്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടുള്ള 33 കേസുകളില്‍, ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ ആക്ഷേപമുള്ള കേസുകളിലാണ് തുടരന്വേഷണ സാധ്യത. അന്വേഷണസംഘം യോഗം ചേര്‍ന്ന് ഓരോ ഡി.വൈ.എസ്.പി മാര്‍ക്ക് ഓരോ ചുമതല നല്‍കും. സി.ഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലമാക്കുകയും ചെയ്യും. മുന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആറ് ഡി.വൈ.എസ്.പിമാരുടെയും മൊഴി രേഖപ്പെടുത്തും.
അതേസമയം, സോളാര്‍ കേസിലെ ആദ്യ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. മൂന്ന് എസ്.പിമാരേയും ഒരു ഡി.വൈ.എസ്.പിയേയും രണ്ട് സി.ഐമാരേയും സ്ഥലം മാറ്റി. എസ്.പിമാരായ സുദര്‍ശന്‍, അജിത്, റെജി ജേക്കബ്, ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ എബ്രഹം, സി.ഐമാരായ റോയി, ബിജു ജോണ്‍ ലൂക്കോസ് എന്നിവരേയും കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റി.