X

‘സോളാര്‍ ബോംബ്’ ചീറ്റിയതിന്റെ ജാള്യതയില്‍ പിണറായി

  • റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല
  • അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന ‘സോളാര്‍ ബോംബ്’ കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ യു.ഡി.എഫും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ജനങ്ങളെ നേരിടാനാകാതെ ഓടിയൊളിക്കുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് പിഴച്ചു. തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജോയിസ് ജോര്‍ജ് എം.പിയുടെയും ഭൂമി കയ്യേറ്റവിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാമെന്ന വ്യാമോഹവും തകര്‍ന്നടിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും ലൈംഗികാരോപണത്തില്‍പ്പെടുത്തി അപമാനിതരാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. എന്നാല്‍ റിപ്പോര്‍ട്ട് വന്നിട്ടും തെല്ലും പതറാതെ സത്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയാനാണ് ഉമ്മന്‍ചാണ്ടിയും മറ്റുള്ളവരും തയാറായത്. സോളാര്‍ ഒടുവില്‍ സി.പി.എമ്മിന് തന്നെ ബൂമറാങ് ആയി മാറുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ശരിവെക്കുന്നവിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ വിധി തങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെയാകില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. യു.ഡി.എഫ് നേതാക്കളെ അഴിക്കുള്ളിലാക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് ഭരണപക്ഷത്തിനറിയാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായിക്കും ഇടതുനേതാക്കള്‍ക്കും താല്‍പര്യം, റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ലൈംഗിക കേസുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിലാണ്. എന്നാല്‍ സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതുവഴി രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനാകുമോയെന്നുമാണ് പിണറായി നോക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍വെച്ച്, ലൈംഗിക ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവിധത്തില്‍ അവ പുറത്തെത്തിയിട്ടും കേരളീയ സമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പിറ്റേന്നും കേരളം ചര്‍ച്ച ചെയ്യുന്നത് മന്ത്രിസഭാംഗത്തിന്റെ കയ്യേറ്റവിഷയമാണെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
സോളാറിന് പിന്നിലെ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത്‌വന്നു തുടങ്ങിയതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ സരിതയുടെ കത്ത് തന്നെ വ്യാജമാണെന്നും ഇതിനുപിന്നില്‍ ഇടത് എം.എല്‍.എയായ കെ.ബി. ഗണേഷ്‌കുമാറാണെന്നുമുള്ള വെളിപ്പെടുത്തല്‍ പുറത്ത് വന്നത് തിരിച്ചടിയായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ വ്യാജ കത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടിവരും. ഇടത് എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യമനോജ്, പി.എ പ്രദീപ്കുമാര്‍ എന്നിവരെത്തിയാണ് 21 പേജുള്ള കത്ത് 25 ആക്കി മാറ്റിയതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നാലുപേജുകളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് സരിത എഴുതിച്ചേര്‍ത്തതാണെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയതോടെ സോളാര്‍ കേസില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

chandrika: