തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കെ.എന്‍.എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ ഒന്‍പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. 9.15ഓടെ തന്നെ സഭ പിരിയും. സഭ പിരിഞ്ഞയുടന്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിതരണം ചെയ്യും. നാല് വാല്യങ്ങളായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയും നല്‍കും.
ചാണ്ടിയുടെ നിയമലംഘനങ്ങള്‍ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ പ്രതിപക്ഷം ഇക്കാര്യം ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കാനും സാധ്യതയുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള രാഷ്ട്രീയ പകപോക്കല്‍ ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ യു.ഡി.എഫ് സജ്ജമാണ്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയും കായലും നിലവും നികത്തിയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും മന്ത്രിയായി തുടരുന്ന തോമസ്ചാണ്ടിയെ നിലനിര്‍ത്തിക്കൊണ്ട് നടത്തുന്ന സോളാര്‍ കേസ് പോരാട്ടം സര്‍ക്കാരിനെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി അടക്കം 12 പേര്‍ വിവരാവകാശനിയമപ്രകാരം സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. പകര്‍പ്പ് നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇനിയും അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ അര്‍ത്ഥമുണ്ടോയെന്നും കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടര്‍ നടപടികള്‍ സാധുവാണോ എന്നുമുള്ള ആശങ്കകളാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്ന മറ്റൊരു കാര്യം.