തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ എഴുതിയ രണ്ട് കത്തുകള്‍ പുറത്ത്. ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് എഴുതിയ കത്തിലെ വിവരങ്ങള്‍ കോടതിയിലും പിന്നീട് വനിതാ പൊലീസ് സ്റ്റേഷനിലും നിഷേധിച്ചതിന്റെ തെളിവുകളാണ് പുറത്തായത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്.
2013 ജുലൈ 13ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരും പീഡിപ്പിച്ചില്ലെന്നു കാണിച്ച് സരിത എഴുതിയ രണ്ടു കത്തുകള്‍ പുറത്തുവന്നത്. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചക്കുള്ളിലാണ് പരാമര്‍ശങ്ങള്‍ നിഷേധിച്ച് രണ്ടാം കത്ത് എഴുതിയത്.
എറണാകുളം അഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഈ രണ്ടു കത്തുകളും സമര്‍പ്പിച്ചത്. തന്റെ പേരു ചേര്‍ത്ത് രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും കഥകള്‍ മെനയുകയാണെന്നും അവ വാസ്തവവിരുദ്ധമാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിക്കു മറുപടിയായി 2013 നവംബര്‍ 22നാണ് സരിത മൂന്നാമത്തെ കത്ത് കോടതിക്കു കൈമാറിയത്.
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. തന്നെ ആരും പീഡിപ്പിച്ചിട്ടില്ല. അത്തരത്തില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു. അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് കത്ത് എഴുതുന്നത് എന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കെ.സുരേന്ദ്രനെ അറിയില്ലെന്നും രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പരാതിയില്‍ മേല്‍മൊഴി നല്‍കാനാവില്ലെന്നുമാണ് സരിത കത്തില്‍ പറയുന്നത്.
‘പീഡിപ്പിച്ചെന്നു പരാതിപ്പെട്ടിട്ടില്ല’ സരിതയുടെ കത്തുകള്‍ പുറത്ത്
Tags: Saritha s Nairsolar case