അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന തര്‍ക്കത്തെത്തുടര്‍ന്ന് അധ്യക്ഷന്‍ രാജിവെച്ചെന്നായിരുന്നു ബി.ജെ.പിയുടെ ഫോട്ടോഷോപ്പ് പ്രചാരണം. ഭരത് സിംഗ് സോളങ്കിയുടെ വ്യാജലെറ്റര്‍പാഡുപയോഗിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത് നിഷേധിച്ച് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ നാടകം പൊളിഞ്ഞു. ഇതോടെ പ്രചാരണത്തിലെ പൊള്ളത്തരം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തു. സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും എന്നും കൂറുള്ള വ്യക്തിയാണ് താനെന്നും അതിനാല്‍തന്നെ രാജിയെ പറ്റിയുള്ള ചോദ്യം ഉയരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ പടര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി മറച്ചുവെക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ എന്ന ഭയം കൂടിയാണ് ഇതിനുപിന്നിലെന്നും സോണിയാഗാന്ധിക്ക് താനൊരു കത്തും നല്‍കിയിട്ടില്ലെന്നും സോളങ്കി വ്യക്തമാക്കി.
നേരത്തെ, പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനു നേരെയും ആരോപണങ്ങളുണ്ടായിരുന്നു. ലൈംഗിക ടേപ്പ് പുറത്തുവിട്ടായിരുന്നു ഹര്‍ദ്ദികിനെ നേരിട്ടത്. ഹര്‍ദ്ദികിന് പിന്തുണയുമായി ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പിയെ വെട്ടിലാക്കി ഹര്‍ദ്ദികിന്റെ വെളിപ്പെടുത്തലുകളുണ്ടായി. ബി.ജെ.പിയില്‍ ചേരാന്‍ 1,200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ഹര്‍ദ്ദികിന്റെ വെളിപ്പെടുത്തല്‍. ഇതും ബി.ജെ.പിക്ക് തിരിച്ചടിയാവുകയായിരുന്നു. ഡിസംബര്‍ ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്‍ 18നാണ്.